
റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാം; എന്താണ് ‘നാലു ശതമാനം റൂൾ’?
ചെറുപ്പത്തിലേ മുതലുള്ള സമ്പാദ്യശീലം റിട്ടെയര്‍മെന്റ് ജീവിതത്തില്‍ സമാധാനത്തോടെ ജീവിച്ചുതീര്‍ക്കാന്‍ ഉപകരിക്കും. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം വളര്‍ത്തുന്നത്. സ്വരുക്കൂട്ടിവെയ്ക്കുന്ന പണം വിരമിച്ചശേഷം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിന് മികച്ച വഴിയാണ് നാല് ശതമാനം റൂൾ. വിരമിക്കുന്നതിന്റെ ആദ്യവർഷത്തിൽ മൊത്തം നിക്ഷേപത്തിന്റെ നാല് ശതമാനം പിൻവലിക്കുകയും പണപ്പെരുപ്പം കണക്കിലെടുത്ത് പ്രതിവർഷം ഈ തുക ക്രമീകരിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ദീർഘകാലത്തേക്ക് അവരുടെ സമ്പാദ്യം നിലനിർത്താൻ കഴിയുമെന്നതാണ് ഈ നാല് ശതമാനം എന്ന ആശയം. വിരമിക്കൽ സമയത്ത് സാമ്പത്തിക മാനേജ്മെന്റ് ബാലൻസ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ റൂൾ. 1990 കളിൽ സാമ്പത്തിക ഉപദേഷ്ടാവായ ബിൽ ബെൻഗെൻ വികസിപ്പിച്ചെടുത്തതാണ് നാലു ശതമാനം റൂൾ. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കുന്നതിൽ ഇതിന്റെ പരാജയമാണ് നാല് ശതമാനം റൂളിന്റെ ഒരു പ്രധാന പോരായ്മ. ആരോഗ്യസംരക്ഷണ ചെലവുകൾ പോലുള്ള അപ്രതീക്ഷിത ചെലവുകൾ ഇത് അഭിസംബോധന ചെയ്യുന്നില്ല.
- എമര്‍ജന്‍സി ഫണ്ട്
റിട്ടയര്‍മെന്റ് ലക്ഷ്യമിട്ട് ചെറുപ്രായത്തില്‍ തന്നെ ഒരു എമര്‍ജന്‍സി ഫണ്ടിന് രൂപം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് നല്ലതാണ്. ആകസ്മികമായി സംഭവിക്കാന്‍ ഇടയുള്ള പ്രതിസന്ധികളെ നേരിടാന്‍ ഇത് സഹായിക്കും. ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കാതെ മുന്നോട്ടുപോകുന്നതിന് ഇത്തരത്തില്‍ എമര്‍ജന്‍സി ഫണ്ടിന് രൂപം നല്‍കുന്നത് പ്രയോജനം ചെയ്യും. - കടങ്ങള്‍ തീര്‍ക്കുക
റിട്ടയര്‍മെന്റിന് മുന്‍പ് എല്ലാ കടങ്ങളും തീര്‍ക്കുന്നത് നല്ലതാണ്. റിട്ടയര്‍മെന്റ് ജീവിതം ആനന്ദകരമാക്കാന്‍ ഇത് സഹായിക്കും. കടങ്ങള്‍ തീര്‍ക്കുന്നതിന് വ്യക്തമായ ഒരു പ്ലാനിന് രൂപം നല്‍കുന്നതും നല്ലതാണ് - ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
പ്രായമാകുന്തോറും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേരുന്നത് നല്ലതാണ്. ആകസ്മികമായി ഉണ്ടാവുന്ന ചികിത്സാ ചെലവുകള്‍ നേരിടാന്‍ ഇത് സഹായിക്കും. റിട്ടയര്‍മെന്റ് സമയത്ത് ഉണ്ടാകാനിടയുള്ള ചികിത്സാ ചെലവുകള്‍ മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്ത് വെയ്ക്കുന്നതാണ് ഉചിതം. - റിട്ടയര്‍മെന്റ് വരുമാനം
റിട്ടയര്‍മെന്റ് ആയ ശേഷമുള്ള തന്റെ വരുമാനം എത്രയായിരിക്കും എന്ന് മുന്‍കൂട്ടി കണക്കുകൂട്ടുന്നത് നല്ലതാണ്. ഇത്തരത്തില്‍ വരുമാനം മുന്‍കൂട്ടി കണ്ടാല്‍ അതിനനുസരിച്ച് സേവിങ്സിലും നിക്ഷേപത്തിലും മാറ്റം വരുത്താന്‍ സാധിക്കും. റിട്ടയര്‍മെന്റ് സമയത്ത് തനിക്ക് ഉണ്ടാകാനിടയുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനനുസരിച്ചുള്ള വരുമാനം ഉറപ്പാക്കാന്‍ പ്ലാന്‍ ചെയ്യുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ ബുദ്ധിമുട്ടില്ലാത്ത റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാന്‍ സാധിക്കും. - നിക്ഷേപം
റിട്ടയര്‍മെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീര്‍ക്കാനായി മുന്‍കൂട്ടി നിക്ഷേപം നടത്തി ഫണ്ട് ക്രിയേറ്റ് ചെയ്യുന്നത് നല്ലതാണ്. ഓരോരുത്തരുടെയും ഭാവിയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ആവശ്യകതകള്‍ മുന്‍കൂട്ടി കണ്ടു കൊണ്ടുവേണം ഏത് തരത്തിലുള്ള നിക്ഷേപം തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാന്‍. എവിടെയെല്ലാം നിക്ഷേപിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വേണം തീരുമാനിക്കേണ്ടത്. സ്റ്റോക്കില്‍ നിക്ഷേപിക്കണോ കടപ്പത്രത്തില്‍ ഇടണോ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കണോ എന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നത് സാമ്പത്തിക ആവശ്യകത കണക്കുകൂട്ടി ആയിരിക്കണം.
Comments (0)