
work visa; വിദേശത്ത് ജോലി ചെയ്യാനുള്ള നിങ്ങളുടെ സ്വപ്നം വർക്ക് വിസ കാരണം തടസ്സപ്പെടാറുണ്ടോ? എങ്കിൽ ഈ രാജ്യങ്ങൾ നിങ്ങൾക്കുള്ളതാണ്
work visa; പുതിയ തലമുറയിലെ പ്രൊഫഷണലുകൾക്ക് ഉയർന്ന ശമ്പളവും മികച്ച ജീവിത നിലവാരവും ലഭിക്കുന്ന വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ താൽപ്പര്യമാണ്. എഞ്ചിനീയറിങ്, ഐടി, ഹെൽത്ത്‌കെയർ, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ധാരാളം അവസരങ്ങൾ പല രാജ്യങ്ങളിലും ലഭ്യമാണ്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും ഒരു തടസ്സമാവുന്നത് വിസ നടപടിക്രമങ്ങളാണ്. എന്നാൽ ചില രാജ്യങ്ങൾ ഈ നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതും വിസ ലഭിക്കാൻ എളുപ്പമുള്ളതുമായ ചില രാജ്യങ്ങളെ പരിചയപ്പെടാം.
ജർമ്മനി
ഐടി, ഹെൽത്ത്‌കെയർ രംഗത്തെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് ജർമ്മനി. അവിടെ ജോലി അന്വേഷിക്കുന്നവർക്കായി ആറു മാസത്തെ വിസ ലഭ്യമാണ്. ഈ കാലയളവിനുള്ളിൽ ജോലി ലഭിച്ചാൽ വർക്ക് വിസയിലേക്കോ ബ്ലൂ കാർഡിലേക്കോ മാറ്റിയെടുക്കാൻ എളുപ്പമാണ്. യൂറോപ്പിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ കുടിയേറാൻ കഴിയുന്ന ഒരു രാജ്യം കൂടിയാണ്.
കാനഡ
കുടിയേറ്റ നയങ്ങൾക്ക് പ്രശസ്തമായ രാജ്യമാണ് കാനഡ. ഇവിടുത്തെ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP), എക്സ്പ്രസ് എൻട്രി സിസ്റ്റം എന്നിവ വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് സഹായകരമാണ്. അതുകൂടാതെ, ബിരുദാനന്തര ബിരുദധാരികൾക്ക് പെർമനന്റ് റെസിഡൻസിയിലേക്ക് നയിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റുകളും കാനഡ നൽകുന്നുണ്ട്.
യുഎഇ
ഇന്ത്യൻ പ്രൊഫഷണലുകളുടെ സ്വപ്നഭൂമിയാണ് യുഎഇ. വിസ നടപടിക്രമങ്ങൾ വളരെ ലളിതമാണ് എന്നതും പലപ്പോഴും തൊഴിൽ ദാതാക്കൾ തന്നെ വിസ നൽകുന്നു എന്നതും യുഎഇയിലേക്ക് ജോലി തേടുന്നതിന് എളുപ്പമാക്കുന്നു. ദുബായ്, അബുദാബി പോലുള്ള സ്ഥലങ്ങളിൽ എല്ലാ മേഖലകളിലും ധാരാളം തൊഴിലവസരങ്ങളുണ്ട്.
ഓസ്ട്രേലിയ
വിദഗ്ദ്ധരായ പ്രൊഫഷണലുകളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന രാജ്യമാണ് ഓസ്ട്രേലിയ. ഐടി, ഹെൽത്ത്‌കെയർ മേഖലകളിലുള്ളവർക്ക് ഇവിടെ വലിയ സാധ്യതകളുണ്ട്. സ്കിൽഡ് ഡെവലപ്‌മെന്റ് വിസ (സബ്ക്ലാസ് 189), ടെമ്പററി സ്കിൽ ഷോർട്ടേജ് വിസ (സബ്ക്ലാസ് 482) തുടങ്ങിയ വിസകൾ ഇതിനായി ലഭ്യമാണ്.
സിംഗപ്പൂർ
ഫിനാൻസ്, വ്യാപാര മേഖലകളിലെ പ്രൊഫഷണലുകൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണിത്. കഴിവ് തെളിയിച്ച ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് പാസ് സിംഗപ്പൂർ നൽകുന്നുണ്ട്. താരതമ്യേന എളുപ്പത്തിൽ ഈ പാസ് ലഭിക്കുന്നതും സിംഗപ്പൂരിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു.
ന്യൂസിലാൻഡ്
ലളിതമായ വിസ നടപടികളിലൂടെയും മികച്ച ജീവിത സാഹചര്യങ്ങളിലൂടെയും അറിയപ്പെടുന്ന രാജ്യമാണിത്. ഹെൽത്ത്‌കെയർ, നിർമ്മാണ മേഖലകളിൽ ഇന്ത്യക്കാർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. ന്യൂസിലാൻഡിന്റെ കുടിയേറ്റ സംവിധാനം വളരെ സുതാര്യമായതിനാൽ യാത്രകളും കുടിയേറ്റവും എളുപ്പത്തിലാക്കാം.
യുണൈറ്റഡ് കിങ്ഡം
ബ്രെക്സിറ്റിന് ശേഷം യുകെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പിലാക്കി. ഇത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഐടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ളവർക്ക് വിസ പെട്ടെന്ന് ലഭിക്കും. ഹെൽത്ത്‌കെയർ രംഗത്തെ പ്രൊഫഷണലുകൾക്കായി ഫാസ്റ്റ് ട്രാക്ക് ഓപ്ഷനും ലഭ്യമാണ്.
അയർലൻഡ്
യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇഷ്ടപ്പെട്ട മറ്റൊരു സ്ഥലമാണ് അയർലൻഡ്. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വിസ അപ്രൂവൽ വേഗത്തിൽ ലഭിക്കുന്നു. പ്രൊഫഷണലുകൾക്കായി പ്രത്യേക എംപ്ലോയ്മെന്റ് പെർമിറ്റുകളും ലഭ്യമാണ്. മികച്ച തൊഴിൽ സംസ്കാരവും അതിവേഗം വളരുന്ന ഐടി മേഖലയും ധാരാളം ഇന്ത്യക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു.
Comments (0)